ഖാർത്തും: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വടക്കൻ നഗരമായ എൽ ഫാഷർ അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) പിടിച്ചെടുത്തു.
ഇതോടെ ഇവിടെനിന്നു സൈന്യം പിന്മാറി. കൂടുതൽ കൂട്ടക്കുരുതി ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് സൈനികമേധാവി ജനറൽ അബ്ദെൽ ഫത്ത അൽ ബർഹാൻ അറിയിച്ചു. ഞായറാഴ്ച നഗരത്തിലെ സൈനിക ആസ്ഥാനവും ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു.
2023 മുതൽ സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികൾക്കുമെതിരായി പോരടിക്കുന്ന ആർഎസ്എഫ് നാളുകളായി ഈ നഗരം ഉപരോധിച്ചിരിക്കുകയായിരുന്നു. പടിഞ്ഞാറൻ ദാർഫർ പ്രവിശ്യയിൽ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ എൽ ഫാഷർ പിടിച്ചെടുക്കുന്നതിനായി നാളുകളായി കനത്ത പോരാട്ടമാണ് നടന്നുവന്നത്. സമീപദിവസങ്ങളിലായി നഗരത്തിൽ 2,000 പൗരന്മാരെയെങ്കിലും ആർഎസ്എഫ് കൊലപ്പെടുത്തിയതായാണു റിപ്പോർട്ട്.
2023 ഏപ്രിലിൽ തലസ്ഥാനമായ ഖാർത്തൂമിൽ സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിലുള്ള അധികാരപോരാട്ടം തുറന്ന യുദ്ധത്തിൽ കലാശിക്കുകയായിരുന്നു.
പോരാട്ടം രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചതോടെ സുഡാൻ ആഭ്യന്തരയുദ്ധത്താൽ തകർന്നു. 2025 മാർച്ചിൽ സുഡാൻ സൈന്യം ഖാർത്തൂം നഗരം തിരിച്ചുപിടിച്ചെങ്കിലും രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് മേഖലകളിൽ പോരാട്ടം രൂക്ഷമായി തുടരുകയാണ്.
ഓരോദിവസവും നിരവധി പേരാണു കൊല്ലപ്പെടുന്നത്. പോരാട്ടഫലമായി ജനം കൊടിയ പട്ടിണിയിലാണ്. ഇതിനുപുറമെ മാരക പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു.